ഇന്ത്യൻ സംഘത്തിൽ അഞ്ചു മലയാളികൾ
ഇന്ത്യൻ സംഘത്തിൽ അഞ്ചു മലയാളികൾ
Friday, August 26, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനുള്ള ഔദ്യോഗിക ഇന്ത്യൻ സംഘത്തിൽ അഞ്ചു മലയാളികൾ ഉൾപ്പടെ പന്ത്രണ്ടു പേർ. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ എംപിമാരായ കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണു ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്കു പോകുന്നത്. ഇന്ത്യയുടെ ഔദ്യോഗിക സംഘം സെപ്റ്റംബർ രണ്ടിന് തന്നെ പുറപ്പെടുമെന്നു വിദേശകാര്യ വക്‌താവ് പറഞ്ഞു.

കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരീനാസ്, ഹരീഷ് സാൽവേ, കൊൻറാഡ് കെ സാംഗ്മ എം.പി, വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സുജാത മേത്ത എന്നിവരാണ് ഇന്ത്യൻ സംഘത്തിലുള്ള മറ്റുള്ളവർ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, മാത്യു ടി.തോമസ്, ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗം കെ.സി. ത്യാഗി എന്നിവരും വിവിധ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് വത്തിക്കാനിലേക്കു ചടങ്ങിൽ സംബന്ധിക്കാൻ പോകുന്നുണ്ട്. ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കർദിനാൾമാരും ബിഷപ്പുമാരുമുൾപ്പെടുന്ന സംഘവും വത്തിക്കാനിലേക്കു പോകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.