മികവു തെളിയിച്ച് ആന്റണിയും വേണുഗോപാലും
Thursday, December 13, 2018 1:50 AM IST
ന്യൂഡൽഹി: ബിജെപിയുടെ കോട്ട തകർത്തു കോണ്‍ഗ്രസ് ജയിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാർ രൂപീകരണം, മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്നീ വിഷമകരവും നിർണായകവുമായ ദൗത്യം നിറവേറ്റാൻ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും. മധ്യപ്രദേശിൽ പ്രവർത്തകസമിതിയിലെ മുതിർന്ന അംഗം ആന്റണിയെയും രാജസ്ഥാനിൽ പാർട്ടി ജനറൽ സെക്രട്ടറി വേണുഗോപാലിനെയും എഐസിസി നിരീക്ഷകരായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിയോഗിച്ചത് ഇരുവരുടെയും കഴിവ്, രാഷ്ട്രീയ തന്ത്രജ്ഞത, വിശ്വസ്തത എന്നിവയുടെ തെളിവായി.
മധ്യപ്രദേശിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സർക്കാരുണ്ടാക്കാൻ ബിജെപിയും അവകാശവാദം ഉന്നയിച്ചതോടെ കോണ്‍ഗ്രസിന് തന്ത്രങ്ങളിലെ നേരിയ പാളിച്ച പോലും താങ്ങാനുമായിരുന്നില്ല.
മധ്യപ്രദേശിലും രാജസ്ഥാനിലും എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞശേഷം പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തീരുമാനം രാഹുലിനുമാത്രമായി വിടാനുള്ള നിയമസഭാകക്ഷി യോഗ തീരുമാനം കോണ്‍ഗ്രസിന്റെ പതിവുരീതിയുടെ ആവർത്തനമായിരുന്നു.
മധ്യപ്രദേശിൽ മുതിർന്ന നേതാവും പിസിസി അധ്യക്ഷനുമായ കമൽനാഥും പ്രവർത്തകസമിതിയംഗം ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും മുഖ്യമന്ത്രിസ്ഥാനത്തിന് ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ തീരുമാനം വളരെ ദുഷ്കരമായിരുന്നു. ഛത്തീസ്ഗഡിൽ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആണ് എഐസിസി നിരീക്ഷകൻ.