മോദിയുടെ തത്സമയ പ്രസംഗം ആകാം; പരന്പരയ്ക്കു വിലക്ക്
Sunday, April 21, 2019 3:53 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഓണ്ലൈൻ വെബ് പരന്പരയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ പൂട്ട്. മോദിയുടെ ജീവിതം പ്രമേയമാക്കിയ "മോദി എ ജേർണി ഓഫ് കോമണ് മാൻ’ എന്ന പരന്പരയുടെ തത്സമയ സ്ട്രീമിംഗ് ആണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയത്.
ഇതേസമയം, നിശബ്ദ പ്രചാരണ സമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം നമോ ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകി. സ്ഥാനാർഥികൾ, മണ്ഡലങ്ങൾ എന്നിവയെപ്പറ്റി പരാമർശിക്കരുതെന്ന നിബന്ധനയോടെയാണ് അനുമതി. തെരഞ്ഞെടുപ്പ കാര്യങ്ങൾ പ്രസംഗത്തിൽ പാടില്ലെന്ന ചട്ടം പാലിച്ചുകൊണ്ട് പ്രസംഗം നടത്താമെന്നാണു വിചിത്ര അനുമതി.
ജനപ്രാതിനിധ്യ നിയമത്തിലെ 126-ാം വകുപ്പനുസരിച്ചു പരസ്യ പ്രചാരണം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറിൽ ടെലിവിഷൻ, സിനിമാട്ടോഗ്രാഫ്, അല്ലെങ്കിൽ സമാന സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പു കാര്യം പ്രദർശിപ്പിക്കാൻ പാടില്ല. ബിജെപി തുക ചെലവാക്കുന്ന നമോ ടിവി പ്രധാന ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലെല്ലാം ലഭ്യമാണ്.
മുൻകൂർ അനുമതിയില്ലാതെയാണ് നമോ ടിവി സംപ്രേഷണം തുടങ്ങിയതെന്നതും വിവാദമായിരുന്നു. നമോ ടിവിയിൽ വരുന്നതെല്ലാം ബിജെപിയുടെ പരസ്യമായി കണക്കാക്കുമെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പു ചെലവിൽ ഉൾപ്പെടുമെന്നുമാണ് വിശദീകരണം.
എന്നാൽ, ബിജെപിയുടെ സ്വന്തം ചാനലും വെബ്പോർട്ടലുമായ നമോ ടിവിയിലൂടെ ബിജെപിക്കും മോദിക്കും രാഷ്ട്രീയലാഭം നേടാൻ തെരഞ്ഞെടുപ്പു കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ബിജെപിക്കു വേണ്ടി മറികടക്കുന്നതിന് കമ്മീഷൻ ഒത്താശ ചെയ്യുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
വിവേക് ഒബ്രോയി പ്രധാന വേഷത്തിലുള്ള "പിഎം നരേന്ദ്ര മോദി’ എന്ന സിനിമയ്ക്കു കഴിഞ്ഞ ഏപ്രിൽ 10ന് തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം മോദിയെക്കുറിച്ചുള്ള സിനിമ കമ്മീഷൻ അംഗങ്ങൾ കണ്ടശേഷമായിരുന്നു ഉത്തരവ്. ഇതേ ഉത്തരവിനെ പരാമർശിച്ചുകൊണ്ടാണു പുതിയ പരന്പരയ്ക്കു സംപ്രേഷണാനുമതി നിഷേധിക്കുന്നതായി ഇന്നലെ വ്യക്തമാക്കിയത്.
ഇറോസ് നൗ എന്ന വിനോദ കന്പനിയുടെ വക വെബ് പോർട്ടലിലൂടെ മോദിയുടെ ജീവിതകഥ പരന്പരയായി സംപ്രേഷണം ചെയ്യാനുള്ള നീക്കമാണ് തടസപ്പെട്ടത്. പരന്പരയുടെ മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. പരന്പരയെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിംഗും പരസ്യങ്ങളും മാറ്റാനും നിർദേശമുണ്ട്.
വെബ് പരന്പരയുടെ ട്രെയിലർ കണ്ട ശേഷമാണ് തീരുമാനം എടുത്തതെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. കുട്ടിക്കാലം മുതൽ ദേശീയ നേതാവായി വളർന്നതു വരെയുള്ള മോദിയുടെ ജീവിതകഥയാണ് പരന്പരയുടെ ഉള്ളടക്കം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ഒരേ തട്ടിൽ പോരാടാനുള്ള അവസരം കളങ്കപ്പെടുത്തുന്നതാണ് പരന്പരയുടെ സംപ്രേഷണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരിച്ചു. തെരഞ്ഞെടുപ്പു കാലത്തു വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ നേതാക്കളുടെയും സ്ഥാനാർഥികളുടെയും ജീവിത കഥ പ്രദർശിപ്പിക്കുന്നതിനു ചട്ടങ്ങൾ അനുവദിക്കില്ല.
തെരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ സംപ്രേഷണത്തിനെതിരേയുള്ള കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നു ചീഫ്ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജോർജ് കള്ളിവയലിൽ