സ്മൃതി ഇറാനിക്കെതിരേ പ്രിയങ്ക ഗാന്ധി
Tuesday, April 23, 2019 12:28 AM IST
അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപമാനിക്കാൻ സ്മൃതി ഇറാനി അമേഠിയിൽ ചെരിപ്പ് വിതരണം ചെയ്തുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമേഠിയിലെ ജനങ്ങൾ യാചകരല്ലെന്നും പ്രിയങ്ക തുറന്നടിച്ചു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ യാചകരല്ല. ആരു നിങ്ങളെ അപമാനിച്ചാലും അവർക്കു തിരിച്ചടി നല്കണം. രാഹുൽ ഗാന്ധിയെ അപമാനിക്കാനാണു വീടുകളിലെത്തി സ്മൃതി ഇറാനി ചെരിപ്പ് വിതരണം ചെയ്തതെങ്കിലും യഥാർഥത്തിൽ അപമാനിതരാകുന്നതു അമേഠിയിലെ ജനങ്ങളാണ്. എന്നാൽ യാഥാർഥ്യം എന്താണെന്നു നിങ്ങൾക്കറിയാം. അമേഠിയിലെ ജനങ്ങൾ വിഡ്ഡികളല്ല -പ്രിയങ്ക പറഞ്ഞു.
2014ൽ അമേഠിയിൽ രാഹുൽഗാന്ധിയോടു പരാജയപ്പെട്ട സ്മൃതി ഇറാനി ഇത്തവണയും ബിജെപി സ്ഥാനാർഥിയാണ്.