മരടിലെ ഫ്ളാറ്റുകൾ: പുനഃപരിശോധനാ ഹർജികൾ തള്ളി
Friday, July 12, 2019 12:19 AM IST
ന്യൂഡൽഹി: കൊച്ചി മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി. ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മതിയായ കാരണങ്ങളൊന്നും കണ്ടെ ത്താനായില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും തള്ളി.
ഫ്ളാറ്റുകൾ പൊളിക്കണമെന്ന കോടതി ഉത്തരവിനെതിരേ ഫ്ളാറ്റുടമകൾ നൽകിയ പുനഃപരിശോധന ഹർജി ചേംബറിലാണ് രണ്ടംഗ ബെഞ്ച് പരിശോധിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെ ത്തിയ മരടിലെ അഞ്ച് ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചു മാറ്റിയതിനു ശേഷം റിപ്പോർട്ട് നൽകാനായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മേയ് എട്ടിനു ഉത്തരവിട്ടത്.