മാനസസരോവർ സംഘത്തിനു ചൈന വീസ നിഷേധിച്ചു
Thursday, August 8, 2019 12:41 AM IST
ന്യൂഡൽഹി: ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ തിരിച്ചടിച്ച് ചൈന. കൈലാസ് മാനസസരോവർ യാത്രയ്ക്ക് അപേക്ഷ നല്കിയ ഇന്ത്യൻ സംഘത്തിന് ചൈന വീസ നിഷേധിച്ചു. ചൊവ്വാഴ്ച വീസ ലഭിക്കേണ്ട ഇന്ത്യൻ സംഘത്തിന് ഇതു സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നലെ രാവിലെയായിരുന്നു സംഘം പുറപ്പെടേണ്ടിയിരുന്നത്.
നേരത്തേ ഡോക ലാ വിഷയത്തിലും മാനസസരോവർ യാത്രയ്ക്ക് ചൈന വിലക്കേർപ്പെടുത്തിയിരുന്നു.
ജമ്മു കാഷ്മീരിൽ സംഘർഷം വർധിപ്പിക്കുന്ന സാഹചര്യത്തിൽനിന്നു പിന്മാറാൻ ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ചൈന അവകാശവാദമുന്നയിക്കുന്ന ലഡാക്ക് കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിയെ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുനിംഗ് വിമർശിച്ചിരുന്നു.
അതേസമയം, ചൈന ഉയർത്തിയ വിമർശനം ഇന്ത്യ തള്ളി. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടാറില്ലെന്നും മറ്റു രാജ്യങ്ങളും അതുതന്നെ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.