മോദിയുടെ ചിത്രത്തിനൊപ്പം ഉന്നാവോകേസ് പ്രതിയുടെ ചിത്രവും
Friday, August 16, 2019 11:42 PM IST
ഉന്നാവോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം ഉന്നാവോ മാനഭംഗക്കേസിലെ പ്രതി കുൽദീപ് സിംഗ് സെൻഗറിന്റെ ചിത്രവും ഉൾപ്പെടുത്തി ബിജെപി നേതാവ് നൽകിയ പത്രപ്പരസ്യം ജനത്ത ഞെട്ടിച്ചു. ഉന്നാവോ ഉൾപ്പെടുന്ന ബംഗർമാവു മണ്ഡലത്തിലെ എംഎൽഎയായ സെൻഗറിനെ കഴിഞ്ഞദിവസം ബിജെപിയിൽനിന്നു പുറത്താക്കിയിരുന്നു.
സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് ഉൻഗ് നഗർ പഞ്ചായത്ത് ചെയർമാൻ അഞ്ജു കുമാർ ദീക്ഷിത് നൽകിയ പരസ്യത്തിലാണ് സെൻഗറിന്റെ ചിത്രം തിരുകിക്കയറ്റിയത്. ഒരു പ്രമുഖ ദിനപത്രത്തിന്റെ പ്രാദേശിക പേജിൽ വന്ന പരസ്യത്തിൽ സെൻഗറിന്റെ ഭാര്യയും ജില്ലാ പഞ്ചായത്ത് ചെയർമാനുമായ സംഗീതയുടെയും ചിത്രം ചേർത്തിട്ടുണ്ട്. പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര്യ ദേവ് സിംഗ്, സ്പീക്കർ ഹൃദയ് നാരായൺ ദീക്ഷിത് തുടങ്ങിയവരുടെ ചിത്രങ്ങളും ഉണ്ട്.
മേഖലയിലെ എംഎൽഎ എന്ന നിലയിലാണ് സെൻഗറിന്റെ ചിത്രം ഉൾപ്പെടുത്തിയതെന്ന് അഞ്ജുകുമാർ വിശദീകരിച്ചു. എന്നാൽ വിവാദത്തോടു പ്രതികരിക്കാൻ ബിജെപി നേതൃത്വം വിസമ്മതിച്ചു.