ജമ്മു കാഷ്മീരിന്റെ ആസ്തി ബാധ്യതകൾ വീതിക്കുന്നതിനു സമിതി
Tuesday, September 10, 2019 12:29 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ സംസ്ഥാനത്തിന്റെ ആസ്തിയും ബാധ്യതയും ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾക്കായി വീതിക്കുന്നതിനു മൂന്നംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഒക്ടോബർ 31നാണ് ജമ്മു കാഷ്മീർ, ലഡാക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വരിക.
മുൻ പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയാണു സമിതി ചെയർമാൻ. റിട്ടയേഡ് ഐഎഎസ് ഓഫീസർ അരുൺ ഗോയൽ, റിട്ടയേഡ് ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ്(ഐസിഎഎസ്) ഓഫീസർ ഗിരിരാജ് പ്രസാദ് ഗുപ്ത എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ. ഓഗസ്റ്റ് അഞ്ചിനാണ് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയത്.