വിക്രം ലാൻഡർ ഇടിച്ചിറങ്ങിയതിനാൽ ചെരിഞ്ഞു; പക്ഷേ, തകർന്നില്ല: ഇസ്രോ
Tuesday, September 10, 2019 12:34 AM IST
ബംഗളൂരു: ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതിനാൽ വിക്രം ലാൻഡറിനു ചെരിവ് സംഭവിച്ചെങ്കിലും തകർന്നിട്ടില്ലെന്ന് ഇസ്രോ. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അകലെവച്ചാണു വിക്രം ലാൻഡറുമായി ഇസ്രോയ്ക്കുണ്ടായിരുന്ന ആശയവിനി മയ ബന്ധം നഷ്ടമായത്. ഇതേത്തുടർന്നാണ് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് സാധ്യമാവാതെ വരുകയും ഇടിച്ചിറ ങ്ങുകയും ചെയ്തത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഉണ്ട്. ലാൻഡറിൽനിന്ന് ഒരു ഭാഗം പോലും അടർന്നിട്ടില്ല, പക്ഷേ, അത് ചെരിഞ്ഞ നിലയിലാണ്- ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.
സോഫ്റ്റ്ലാൻഡിംഗ് നടത്താൻ ഉദ്ദേശിച്ചിരുന്നതിന് അടുത്തുതന്നെയാണ് ലാൻഡർ ഇപ്പോഴുള്ളതെന്ന് ചന്ദ്രനെ വലം വയ്ക്കുന്ന ചന്ദ്രയാൻ -2 ന്റെ റോവർ നൽകിയ ചിത്രത്തിൽനിന്നു വ്യക്തമായിട്ടുണ്ട്. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും അധികൃതർ അറിയിച്ചു. ഇസ്രോ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിലെ (ഇസ്ട്രാക്) ഒരു സംഘം ശാസ്ത്രജ്ഞർ ഇതിനായുള്ള പ്രയത്നത്തിലാണ്.
ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ മൂന്നു ഘടകങ്ങളാണ് ചന്ദ്രയാൻ-2ന് ഉണ്ടായിരുന്നത്. ലാൻഡറിന്റെയും റോവറിന്റെയും ആയുസ് 14 ദിവസമാണ്. ലാന്ഡറിനു കേടുപാടു സംഭവിച്ചിട്ടില്ലെങ്കിലും ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചാലും പരീക്ഷണങ്ങൾ അസാധ്യമാണെന്ന് ഇസ്രോ ഉദ്യോഗസ്ഥൻ അറിയിച്ചു. ഭൂസ്ഥിര ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കുന്നതുപോലെയല്ല ലാൻഡറുമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലെ നിരീക്ഷണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ട ഉപഗ്രഹങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ഇസ്രോ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.