വാറണ്ടില്ലാതെ ജെഎൻയുവിലെ മലയാളി പ്രഫസറുടെ വസതിയിൽ റെയ്ഡ്
Tuesday, September 10, 2019 11:33 PM IST
ന്യൂഡൽഹി: ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാലയിലെ പ്രഫസറും മലയാളിയുമായ ഡോ. ഹാനി ബാബുവിന്റെ വസതിയിൽ പൂന പോലീസിന്റെ റെയ്ഡ്. നോയിഡയിലെ വസതിയിൽ ആറ് മണിക്കൂറോളം നടത്തിയ റെയ്ഡിൽ ലാപ്ടോപ്പ്, ഫോണ്, ഹാർഡ് ഡിസ്ക്, മൂന്ന് പുസ്തകങ്ങൾ എന്നിവ കൊണ്ടുപോയതായി ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റോവേന വെളിപ്പെടുത്തി. വാറണ്ടില്ലാതെയാണ് പൂന പോലീസ് റെയ്ഡ് നടത്തിയതെന്നും സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ തയാറായില്ലെന്നും അവർ പറഞ്ഞു.
ഭീമ കൊറേഗാവിൽ മറാഠികളും ബ്രിട്ടീഷ് പട്ടാളവും തമ്മിൽ നടന്ന യുദ്ധത്തിന്റെ 200-ാം വാർഷികം നടത്തിയ 2018ലെ പരിപാടിയോട് അനുബന്ധിച്ച് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തകരായ ഒൻപതു പേരെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഹാനി ബാബുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. പൂന അസിസ്റ്റൻഡ് കമ്മീഷണർ ശിവാജി പവാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാൽ, കേസിൽ അറസ്റ്റ് വാറണ്ട് ഒന്നും പുറപ്പെടുവിച്ചില്ലെന്നു പവാർ മാധ്യമങ്ങളോടു പറഞ്ഞു.
രാവിലെ ആറരയോടെയാണ് റെയിഡ് തുടങ്ങിയതെന്നും ലാപ്ടോപ്പ്, മൊബൈൽ ഫോണ്, പെൻ ഡ്രൈവുകൾ എന്നിവ പിടിച്ചെടുത്തശേഷം തന്റെ ഇ-മെയിൽ, സമൂഹ മാധ്യമങ്ങളിലെ പാസ്വേർഡുകൾ എന്നിവ മാറ്റിയെടുക്കുകയും ചെയ്തെന്ന് ഹാനി ബാബുവും വെളിപ്പെടുത്തി. താൻ നടത്തിയിരുന്ന ഗവേഷണ വിവരങ്ങളും അവർ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് പ്രഫസറായ ഡോ. ഹാനി ബാബു, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. സർക്കാരനടപടികളെ എതിർക്കുന്നയാൾ കൂടിയാണ് അദ്ദേഹം. റെയ്ഡിനെതിരേ രംഗത്തെത്തിയ ഡൽഹി സർവകലാശാലയിലെ അധ്യാപകരുടെ സംഘടന, എതിർക്കുന്നവരെ കേസിൽ കുടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നം ആരോപിച്ചു