ആൾക്കൂട്ട കൊലപാതകം; മരണകാരണം ഹൃദയാഘാതമെന്ന്
Tuesday, September 10, 2019 11:33 PM IST
സെരായ്കേല: ജയ്ശ്രീരാം വിളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന കേസിൽ പ്രതികൾക്കെതിരേ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൊലക്കുറ്റം ഒഴിവാക്കിയതെന്നാണു പോലീസിന്റെ വിശദീകരണം.
തബ്രീസ് അൻസാരി(24) കൊല്ലപ്പെട്ടതിനെത്തുടർന്ന് 11 പേർക്കെതിരേ കുറ്റകരമായ നരഹത്യക്കു കേസെടുത്തിരുന്നു. ഇവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഏഴു മണിക്കൂറോളം ക്രൂരമർദനത്തിനിരയാക്കിയാണ് ആൾക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയത്. ഗ്രാമത്തിൽനിന്നു കാണാതായ ബൈക്ക് തബ്രീസ് അൻസാരിയും രണ്ടു സുഹൃത്തുകളും ചേർന്ന് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. പൂനയിൽ വെൽഡറായി ജോലി നോക്കുകയായിരുന്ന അൻസാരി ഈദ് ആഘോഷത്തിനായിരുന്നു നാട്ടിലെത്തിയത്.