ശിവകുമാറിന്റെ മകളെ ചോദ്യം ചെയ്തു
Friday, September 13, 2019 1:26 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 2017ൽ ഡി.കെ. ശിവകുമാറിനൊപ്പം നടത്തിയ സിംഗപ്പൂർ യാത്രയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇഡി അന്വേഷണ സംഘം ചോദിച്ചതായാണ് അറിയുന്നത്. ശിവകുമാർ ഐശ്വര്യയുടെ പേരിൽ നടത്തിയിട്ടുള്ള സാന്പത്തിക ഇടപാടുകളെ കുറിച്ചും സ്ഥാപനങ്ങളുടെ വരുമാനം സംബന്ധിച്ചുമുള്ളവി വരം ഐശ്വര്യയിൽ നിന്നു ശേഖ രിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാംഗളൂരിലുള്ള ഐശ്വര്യ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പ്രകാരമാണ് ഇന്നലെ ഡൽഹിയിലെ ഓഫീസിൽ ഹാജരായത്. ശിവകുമാറിന്റെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയിൽ ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകൾ ഏജൻസി കണ്ടെ ടുത്തെന്നും ഇതേക്കുറിച്ചു ചോദ്യം ചെയ്യാനാണ് ഇഡി ഐശ്വര്യയെ ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഈ മാസം മൂന്നിനാണ് കർണാടകയിലെ മുതിർന്ന നേതാവായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.