എസ്സി, എസ്ടിക്കാർക്കെതിരേയുള്ള അതിക്രമം: പുനഃപരിശോധനാ ഹർജി മൂന്നംഗ ബെഞ്ചിന്
Saturday, September 14, 2019 12:12 AM IST
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ ചെറുക്കാനുള്ള വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ചാണ് തീരുമാനമെടുത്തത്. ഹർജി ഏതു ബെഞ്ച് പരിഗണിക്കുമെന്നതു സംബന്ധിച്ച് ചീഫ് ജസ്റ്റീസ് തീരുമാനമെടുക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമ പ്രകാരമുള്ള പരാതികളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്നും പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി തേടണമെന്നായിരുന്നു മാർച്ചിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
എന്നാൽ, ഇത് എസ്സി, എസ്ടി വിഭാഗത്തിൽ പെട്ടവർക്കെതിരേയുള്ള പീഡനം ചെറുക്കുന്നതിനുള്ള നിയമത്തിന്റെ മുനയൊടിച്ചെന്നു ചൂണ്ടിക്കാട്ടി ദളിത് സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് കേന്ദ്രം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുകയായിരുന്നു.
എന്നാൽ, പട്ടിക വിഭാഗത്തിൽ പെട്ടതാണെങ്കിലും പൊതുവിഭാഗത്തിൽ പെട്ടതാണെങ്കിലും നിയമത്തിന് ഏകീകൃത സ്വഭാവം വേണമെന്നും വിവേചനം ഉണ്ടാകരുതെന്നും വാദത്തിനിടെ കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.