നിർണായക പരീക്ഷണവും കടന്ന് തേജസ്
Saturday, September 14, 2019 12:12 AM IST
ന്യൂഡൽഹി: വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുകയെന്ന ശ്രമകരമായ പരീക്ഷണവും വിജയിച്ച് തേജസ് യുദ്ധവിമാനം. തദ്ദേശീയമായി നിർമിച്ച തേജസ് നാവികസേനാ വ്യൂഹത്തിന്റെ ഭാഗമാകുന്നതിനു മുന്നോടിയായാണ് പരീക്ഷണ ലാൻഡിംഗ് നടത്തിയത്. ഇതോടെ, വിമാനവാഹിനിയിൽ ലാൻഡ് ചെയ്യുന്ന ജെറ്റ് വിമാനങ്ങൾ നിർമിക്കുന്ന ശ്രേണിയിലേക്ക് ഇന്ത്യയും ഉയർന്നു. വിമാനവാഹിനിയിൽ ലാൻഡ് ചെയ്യുന്ന യുദ്ധവിമാനങ്ങളെ ഹുക്കിൽ കൊളുത്തി വലിച്ചു നിർത്തുകയാണു ചെയ്യുന്നത്.
നാവികസേനയുടെ ചരിത്ര ദിവസമാണ് ഇന്നെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഐഎൻഎസ് ഹൻസയിൽ നടന്ന പരീക്ഷണത്തിൽ തേജസ് വിമാനം വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ ലാൻഡ് ചെയ്തു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎൽ) തേജസ് വിമാനം നിർമിച്ചത്. ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ, എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി, സിഎസ്ഐആർ എന്നിവ എച്ച്എഎലുമായി സഹകരിച്ചാണ് തേജസിന്റെ നാവികസേനാ പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.