ഇപിഎഫ് പലിശ 8.65 ശതമാനമാക്കി ഉയർത്തും
Wednesday, September 18, 2019 12:03 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശനിരക്ക് 8.65 ശതമാനമാക്കി ഉയർത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ. ഉത്സവസീസണിനു മുന്നോടിയായി 2018-19 വർഷത്തെ പുതിയ നിരക്ക് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപിഎഫ്ഒയിലെ ആറ് കോടി അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശനിരക്ക് 8.55ൽനിന്നു 8.65 ശതമാനമാക്കി ഉയർത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന കേന്ദ്ര ട്രസ്റ്റി ബോർഡ് തീരുമാനിച്ചിരുന്നു. ഇതു കേന്ദ്ര തൊഴിൽ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, തൊഴിൽ മന്ത്രാലയത്തിന്റെ ശിപാർശ ധനമന്ത്രാലയം അംഗീകരിച്ചില്ല. കൂടാതെ, ഇപിഎഫ്ഒയുടെ അധികഫണ്ട് പൂർണമായി ചെലവായി പോകുമെന്നു ചൂണ്ടിക്കാട്ടിയ ധനമന്ത്രാലയം, പലിശനിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിരക്ക് വർധിപ്പിക്കണമെന്ന തൊഴിൽമന്ത്രാലയത്തിന്റെ പുതിയ നിർദേശത്തോടു ധനമന്ത്രി അനുകൂലിക്കുന്നോ എന്നു വ്യക്തമാക്കാൻ കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വർ തയാറായില്ല.