ഉപഭോഗം വർധിക്കണമെങ്കിൽ ഗ്രാമീണമേഖലയിൽ പണമെത്തണം: സിബൽ
Sunday, September 22, 2019 12:56 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിനെ വിമർശിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. നടപടിയുടെ ഗുണം ലഭിക്കുന്നതു സന്പന്നർക്കു മാത്രമാണെന്നും പാവപ്പെട്ടവർക്കു സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ദഗതിയിലായ സാന്പത്തികമേഖലയ്ക്ക് ഉത്തേജനം പകരാൻവേണ്ടിയാണു കേന്ദ്രമന്ത്രി നിർമല സീതാരാമൻ കന്പനികളുടെ നികുതി കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസം പനാജിയിൽ നടത്തിയത്.
എന്നാൽ, നികുതിയിളവു മൂലം കോർപറേറ്റുകളുടെ കൈയിൽ കൂടുതൽ പണം വന്നാൽ വിപണിയിൽ ഡിമാൻഡ് വർധിക്കില്ലെന്നു കപിൽ സിബൽ പറഞ്ഞു. ഉപഭോഗം കൂടണമെങ്കിൽ ഗ്രാമീണമേഖലയിൽ പണമെത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം പരിഭ്രാന്തിയിലാണെന്നതിനു തെളിവാണ് നികുതിയിളവുകളെന്നു കോൺഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.