ജമ്മു കാഷ്മീരിൽ പോസ്റ്റ്പെയ്ഡ് സേവനം തിങ്കളാഴ്ച പുനഃസ്ഥാപിക്കും
Sunday, October 13, 2019 12:52 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനം തിങ്കളാഴ്ച മുതൽ പുനഃസ്ഥാപിക്കുമെന്നു സർക്കാർ വക്താവും പ്രിൻസിപ്പൽ സെക്രട്ടറിയുമായ രോഹിത് കൻസാൽ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണു നാല്പതു ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ സേവനം വിലക്കപ്പെട്ടത്.
അതേസമയം, ഇന്റർനെറ്റ് സേവനവും 20 ലക്ഷം വരുന്ന പ്രീപെയ്ഡ് സേവനവും എന്നു പുനഃസ്ഥാപിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ ക്രമേണ പിൻവലിച്ചുവരികയാണ്. രണ്ടു ദിവസം മുന്പ് ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാൻ തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നെങ്കിലും ഹാജർനില വളരെ കുറവാണ്.