‘തൊഴിൽ ആവശ്യപ്പെടുന്പോൾ ചന്ദ്രനിലേക്കു നോക്കാൻ പറയുന്നു’ -രാഹുൽ
Monday, October 14, 2019 1:11 AM IST
ലാത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാധ്യമങ്ങളും ചേർന്ന് കാതലായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിൽ വേണമെന്നു യുവാക്കൾ ആവശ്യപ്പെടുന്പോൾ ചന്ദ്രനെ നിരീക്ഷിക്കാനാണു സർക്കാർ പറയുന്നതെന്ന് ചന്ദ്രയാൻ ദൗത്യത്തെ പരോക്ഷമായി പരാമർശിച്ച് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ഔസയിൽ നടന്ന തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള ഔപചാരിക ഉച്ചകോടിയെയും രാഹുൽ വിമർശിച്ചു. മാമല്ലപുരത്തു നടന്ന കൂടിക്കാഴ്ചയിൽ 2017 ലെ ഡോകലാം സംഘർഷത്തെക്കുറിച്ച് മോദി സംസാരിച്ചിരുന്നോ എന്നാണ് രാഹുൽ ചോദിച്ചത്. പതിനഞ്ച് സന്പന്നരുടെ 5.5 ലക്ഷം കോടിയുടെ കടമാണു മോദി സർക്കാർ എഴുതിത്തള്ളിയത്. മാധ്യമങ്ങളും മോദിയും ഷായും ചേർന്നു കാതലായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ്.
കർഷകരുടെ ദുരിതങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ച് മാധ്യമങ്ങളും മൗനം പാലിക്കുന്നു. മാധ്യമങ്ങളെല്ലാം ഈ സന്പന്നരുടെ സ്വന്തമായതിനാൽ സന്പന്നരുടെ കടം എഴുതിത്തള്ളിയതിനെക്കുറിച്ചു മിണ്ടുന്നില്ല-അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ പോക്കറ്റിൽ നിന്നുള്ള പണം സന്പന്നർക്ക് എത്തിച്ചു നൽകുകയാണ് നോട്ട് റദ്ദാക്കൽ, ജിഎസ്ടി എന്നിവയിലൂടെ ലക്ഷ്യമിട്ടത്. തൊഴിൽ ആവശ്യപ്പെടുന്പോൾ ചന്ദ്രനിലേക്കു നോക്കാനും 370-ാം വകുപ്പ് റദ്ദാക്കിയെന്നുമെല്ലാമാണു യുവാക്കളോടു പറയുന്നതെന്നും രാഹുൽ ആരോപിച്ചു.