പ്രീ സ്കൂൾ കുട്ടികൾക്ക്പരീക്ഷ വേണ്ടെന്ന് എൻസിഇആർടി
Tuesday, October 15, 2019 12:22 AM IST
ന്യൂഡൽഹി: പ്രീ സ്കൂൾ കുട്ടികൾക്കു നടത്തുന്ന പരീക്ഷകൾ എൻസിഇആർടി നിരോധിച്ചു. ഇത് സാമൂഹ്യവിരുദ്ധമായ പ്രവൃത്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രീസ്കൂൾ കുട്ടികൾക്ക് എഴുത്ത്, അഭിമുഖ പരീക്ഷകൾ നടത്തരുതെന്ന് എൻസിഇആർടി വ്യക്തമാക്കി. ഹോം വർക്കുകളും പരീക്ഷകളും നടത്തുന്നതു വഴി കുട്ടികൾക്ക് കളിക്കാനുള്ള അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്ന് എൻസിഇആർടി ചൂണ്ടിക്കാട്ടുന്നു. പ്രീ സ്കൂൾ തലങ്ങളിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താമെന്നും എന്തൊക്കെ ചെയ്യരുതെന്നും വ്യക്തമാക്കി എൻസിഇആർടി മാർഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.
നിരന്തരമായ ചർച്ചകളിലൂടെയും കഥകളിലൂടെയും ചെറു കളികളിലൂടെയുമാണ് കുട്ടികളുടെ പുരോഗതി വളർത്തേണ്ടതെന്നാണ് നിർദേശം. കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നതെന്നും അവരുടെ ഭാഷ, അവർ ഇടപെടുന്ന ആളുകൾ, ചർച്ചകളിൽ പങ്കെടുക്കാനുള്ള അവരുടെ താത്പര്യം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധ്യാപകർ ചെറു നോട്ടുകൾ തയ്യാറാക്കി വയ്ക്കണം. വർഷത്തിൽ രണ്ടുതവണ കുട്ടികളുടെ വളർച്ചാ പുരോഗതി രക്ഷിതാക്കളെ പ്രോഗസ് റിപ്പോർട്ട് വഴി അറിയിക്കണമെന്നും നിർദേശമുണ്ട്.