ഖട്ടറുടെ "ചത്ത എലി' പ്രയോഗം വിവാദത്തിൽ
Tuesday, October 15, 2019 12:22 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ "ചത്ത എലി' പരാമർശം നടത്തിയത് വിവാദത്തിൽ. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഗാന്ധി രാജിവയ്ക്കുകയും മൂന്നു മാസത്തെ തെരച്ചിലിലും പർവതങ്ങൾ തുരന്നുള്ള പരിശോധനകൾക്കും ശേഷം പുതിയ അധ്യക്ഷയെ കണ്ടെത്തിയത് സോണിയയെ ആണെന്നും അതു ചത്ത എലിക്കു തുല്യമാണെന്നുമായിരുന്നു ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഖട്ടറിന്റെ പ്രസ്താവന. ഖട്ടറിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് ഹരിയാനയിലും ഡൽഹിയിലും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
""ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഹുൽ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും ഗാന്ധി കുടുംബത്തിൽനിന്നല്ലാത്ത പ്രസിഡന്റ് ചുമതലയേൽക്കുമെന്നു പറയുകയും ചെയ്തു. കുടുംബഭരണം അവസാനിക്കുകയാണെന്നു കരുതി ഞങ്ങൾ അതിനെ സ്വാഗതം ചെയ്തു.
എന്നാൽ, മൂന്നു മാസം രാജ്യം മുഴുവൻ തെരഞ്ഞിട്ടും അവസാനം കിട്ടിയത് ആരെയാണ്? സോണിയ ഗാന്ധി. പർവതം തുരന്ന് എലിയെ പിടിച്ചു, അതാണെങ്കിൽ ചത്തതുമായിരുന്നു'- ഖട്ടർ പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് വിലകുറഞ്ഞതും എതിർക്കപ്പെടേണ്ടതും മാത്രമല്ലെന്നും ആരോപിച്ച് രംഗത്തെത്തിയ കോണ്ഗ്രസ്, ഖട്ടർ മാപ്പ് പറയണമെന്നാശ്യപ്പെട്ട് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തേക്കും ഹരിയാനയിലെ മിക്ക സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.