പിഎംസി നിക്ഷേപകൻ ഹൃദയംപൊട്ടി മരിച്ചു
Wednesday, October 16, 2019 12:19 AM IST
മുംബൈ: ജെറ്റ് എയർവേസ് പൂട്ടിയപ്പോൾ ജോലി പോയി; പിഎംസി(പഞ്ചാബ്- മഹാരാഷ്്ട്ര സഹകരണ) ബാങ്ക് തട്ടിപ്പിൽ നിക്ഷേപവും മരവിക്കപ്പെട്ടു. മുംബൈയിൽ ഗൃഹനാഥൻ ഹൃദയംപൊട്ടി മരിച്ചു. മുംബൈ സ്വദേശി സജ്ഞയ് ഗുലാത്തി(51) തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇദ്ദേഹവും എൺപതുകാരനായ അച്ഛൻ സി.എൽ. ഗുലാത്തിയും തിങ്കളാഴ്ച തെക്കൻ മുംബൈയിൽ നടന്ന നിക്ഷേപകരുടെ സമരത്തിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.
ഇദ്ദേഹത്തിനു 90 ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിലുണ്ട്. പിഎംഎസി ബാങ്ക് തട്ടിപ്പു പുറത്തായതോടെ നിക്ഷേപകർക്കു പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 1000 രൂപയാക്കി റിസർവ് ബാങ്ക് പരിമിതപ്പെടുത്തിയിരുന്നു. ഭിന്നശേഷിക്കാരനായ ഒരു മകനുള്ള സഞ്ജയ് ഗുലാത്തിയെ ഇതു പ്രതിസന്ധിയിലാക്കിയിരുന്നു. മകന്റെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടിയിരുന്നു.
ജെറ്റ് എയർവേസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. കന്പനി കടക്കെണിമൂലം ഏപ്രിലിൽ പൂട്ടിയതോടെ ജോലി പോയി.
പിഎംസി ബാങ്കിലെ ഭൂരിഭാഗം നിക്ഷേപവും എച്ച്ഡിഐഎൽ എന്ന തകർന്ന റിയൽ എസ്റ്റേറ്റ് കന്പനിക്കു വായ്പയായി നല്കിയെന്നു കണ്ടെത്തപ്പെടുകയായിരുന്നു. തിങ്കളാഴ്ച റിസർവ് ബാങ്ക് പിഎംസി ബാങ്കിലെ നിക്ഷേപകർക്കു പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 40,000 രൂപയാക്കിയിട്ടുണ്ട്. 77 ശതമാനം നിക്ഷേപകർക്ക് ഇത് ആശ്വാസം നല്കുമെന്നു പറയുന്നു.