സവർക്കറെ ഭാരത് രത്നയ്ക്കു പരിഗണിക്കുന്നതിനെതിരേ സിദ്ധരാമയ്യ
Friday, October 18, 2019 11:23 PM IST
മംഗളൂരു: സവർക്കറെ ഭാരത് രത്ന പുരസ്കാരത്തിനു പരിഗണിക്കുന്നതിനുള്ള ബിജെപി നീക്കത്തിനെതിരേ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. മഹാത്മാഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയയാളാണ് സവർക്കറെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. സവർക്കർക്ക് ഭാരത് രത്ന നൽകാനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കപടമായ രാജ്യസ്നേഹമാണ് പുറത്തുകൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി വധത്തിൽ ഗൂഢാലോചന നടത്തിയവരിൽ ഒരാളായ സവർക്കറെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസോ ഹിന്ദു മഹാസഭയോ പങ്കെടുത്തിട്ടില്ല. അവർ ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു. എന്നാൽ ഈ സർക്കാർ ഇപ്പോൾ ഇവർക്ക് ഭാരത് രത്ന നൽകാനുള്ള നീക്കം നടത്തുകയാണ്- സിദ്ധരാമയ്യ ആരോപിച്ചു.