ചിന്മയാനന്ദിനെതിരേ പീഡന പരാതി നൽകിയ വിദ്യാർഥിനിയുടെ തുടർപഠന നടപടികൾ പൂർത്തിയായി
Friday, October 18, 2019 11:38 PM IST
ഷാജഹാൻപുർ: മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരേ മാനഭംഗ പരാതി നൽകിയ നിയമവിദ്യാർഥിനിയുടെ മാസ്റ്റേഴ്സ് ഓഫ് ലോ (എൽഎൽഎം) പഠനത്തിനുള്ള പ്രവേശനനടപടികൾ പൂർത്തിയായി. ബറേലി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നടത്തുന്നത്. കോടതിയുടെ ഉത്തരവ് പ്രകാരം യുവതി പോലീസിനൊപ്പമാണ് ബറേലിയിലെത്തിയത്.
പോലീസ് സുരക്ഷയിൽ ഒന്പത് മണിക്ക് യുവതിയെത്തി. പരീക്ഷയുടെയും ലൈബ്രറിയുടെതുമായ വിവിധ ഫോമുകൾ പൂരിപ്പിക്കുകയും ചെയ്തു. അതിനുശേഷം പ്രവേശനനടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പ്രവേശന ഫീസും നൽകിയെന്നും ബറേലി മഹാത്മ ജ്യോതിബ ഫൂലെ രോഹിൽഖണ്ഡ് യൂണിവേഴ്സിറ്റി നിയമപഠന വകുപ്പ് തലവൻ അമിത് സിംഗ് പറഞ്ഞു.
ബറേലി കോളജിൽ എൽഎൽഎം പഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് (സിജെഎം)ഓംവീർ സിംഗിന് അപേക്ഷ നൽകിയിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.