അമ്മയും മകനും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Sunday, October 20, 2019 1:10 AM IST
ന്യൂഡൽഹി: ഡൽഹിയിൽ മലയാളികളായ അമ്മയും മകനും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കോട്ടയം പാന്പാടി സ്വദേശി ലിസി, ഡൽഹിയിലെ സ്വകാര്യ കോളജിൽ അധ്യാപകനായ മകൻ അലൻ സ്റ്റാൻലി(27) എന്നിവരാണു മരിച്ചത്. പീതംപുരയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. സരായ് കാലെഖാനിൽ റെയിൽവേ പാളത്തിൽ നിന്നാണു അലന്റെ മൃതദേഹം കണ്ടെത്തിയത്.
ഡൽഹി ഐഐടിയിൽ ഫിലോസഫിയിൽ ഗവേഷക വിദ്യാർഥിയായിരുന്ന അലൻ കഴിഞ്ഞ വർഷമാണു കോളജിൽ അധ്യാപകനായി പ്രവേശിച്ചത്. രണ്ടു മാസം മുൻപു ലിസി ഡൽഹിയിലെത്തിയ ശേഷമാണു ഇരുവരും പിതംപുരയിൽ ഫ്ലാറ്റെടുത്ത് താമസമാരംഭിച്ചത്. അലന്റെ സുഹൃത്തുക്കൾ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് അലനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കളെത്തിയ ശേഷം വിട്ടുനൽകും.