കാഷ്മീരിൽ ജവാനു വീരമൃത്യു
Wednesday, October 23, 2019 12:29 AM IST
ജമ്മു: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജൂണിയർ കമ്മീഷൻഡ് ഓഫീസർ(ജെസിഒ) വീരമൃത്യു വരിച്ചു. നൗഷേര സെക്ടറിലെ കലാൽ ബെൽട്ടിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ഭീകരർക്കു സഹായവുമായി പാക് സൈന്യവും വെടിവയ്പ് നടത്തി.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ രണ്ടു നാട്ടുകാർക്കു പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെൻധർ സെക്ടറിലെ ബാലാകോട്ട് മേഖലയിലായിരുന്നു ആക്രമണം. പരിക്കേറ്റ ഗുലാബോ ബാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. പാക് ആക്രമണത്തെത്തുടർന്ന് നാട്ടുകാർ വീടുവിട്ട് സുരക്ഷിത സ്ഥാനങ്ങളിലും ബങ്കറുകളിലും അഭയം തേടി.
തെക്കൻ കാഷ്മീരിലെ ത്രാലിൽ മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഓഗസ്റ്റിൽ ഗുജ്ജാർ വിഭാഗക്കാരായ രണ്ടു സഹോദരങ്ങളെ കൊലപ്പെടുത്തിയവരാണു കൊല്ലപ്പെട്ട ഭീകരരെന്ന് കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.