മോദിയെ വിമർശിച്ച ആതിഷ് തസീറിന്റെ ഒസിഐ കാർഡ് റദ്ദാക്കി
Saturday, November 9, 2019 12:36 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഭിന്നിപ്പിന്റെ മേധാവിയെന്നു വിശേഷിപ്പിച്ച് അമേരിക്കൻ മാസികയായ ടൈം മാഗസിനിൽ ലേഖനമെഴുതിയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാർഡ് (ഒസിഐ- വിദേശ ഇന്ത്യാക്കാർക്ക് നൽകുന്ന കാർഡ്) കേന്ദ്ര സർക്കാർ റദ്ദാക്കി. ആതിഷിന്റെ പിതാവ് പാക്കിസ്ഥാനിൽ ജനിച്ചയാളാണെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
അതേസമയം, ഇന്ത്യ തന്റെ രാജ്യമാണെന്നും മുന്‍പൊരിക്കലും ഇത്തരത്തിൽ ഇങ്ങനെ വ്യക്തമാക്കേണ്ട ആവശ്യമുണ്ടായിട്ടില്ലെന്നും ആതിഷ് തസീർ പ്രതികരിച്ചു. മാധ്യമ പ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്ലീൻ സിംഗിന്റെയും പാക്കിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിന്റെയും മകനാണ് ആതിഷ് തസീർ. ബ്രിട്ടനിലാണ് ആതിഷ് ജനിച്ചത്. പിതാവിന്റെ ജന്മസ്ഥലം പാക്കിസ്ഥാൻ എന്ന് ആതിഷ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ആതിഷിനു നോട്ടീസയച്ചതിനു പിന്നാലെയാണ് ഒസിഐ കാർഡ് റദ്ദാക്കിയതായി സർക്കാർ അറിയിച്ചത്.
എന്നാൽ, നോട്ടീസിനു മറുപടി നൽകാൻ 21 ദിവസങ്ങൾ ഉണ്ടെന്നിരിക്കേ തനിക്ക് അതിനുള്ള അവസരം നൽകിയില്ലെന്നും താൻ കത്ത് നൽകിയിട്ടും 24 മണിക്കൂറിനുള്ളിൽ ഒസിഐ കാർഡ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നെന്നും ആതിഷ് വ്യക്തമാക്കി.
ആതിഷിന് ആവശ്യത്തിനു സമയം നൽകിയിരുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു. നിയമപ്രകാരമുള്ള അവസരം ആതിഷ് ഉപയോഗിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി.