ജാർഖണ്ഡ്: പ്രതിപക്ഷ സഖ്യത്തിൽ സീറ്റുധാരണയായി
Saturday, November 9, 2019 12:36 AM IST
റാഞ്ചി: ജാർഖണ്ഡ് പ്രതിപക്ഷസഖ്യത്തിൽ സീറ്റുധാരണയായി. സഖ്യത്തിനു നേതൃത്വം നല്കുന്ന ജെഎംഎം(ജാർഖണ്ഡ് മുക്തി മോർച്ച) 43 സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 31 സീറ്റുകളിലും ആർജെഡി ഏഴു സീറ്റുകളിലും മത്സരിക്കും. 81 സീറ്റുകളാണു ജാർഖണ്ഡിലുള്ളത്.
ജെഎംഎം വർക്കിംഗ് പ്രസിഡന്റ് ഹേമന്ത് സോറനും ജാർഖണ്ഡിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആർ.പി.എൻ. സിംഗുമാണു സീറ്റു വിഭജനം പ്രഖ്യാപിച്ചത്. റാഞ്ചിയിലുണ്ടായിട്ടും ആർജെഡി നേതാവ് തേജസ്വി യാദവ് വാർത്താസമ്മേളനത്തിനെത്തിയില്ല.
ജെഎംഎമ്മിന്റെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഹേമന്ത് സോറൻ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയാകുമെന്നും ആർ.പി.എൻ. സിംഗ് പറഞ്ഞു.