മസ്ജിദ് നിർമിച്ചത് ബാബർ ചക്രവർത്തിയുടെ നിർദേശപ്രകാരം
Sunday, November 10, 2019 2:09 AM IST
കടുവ എന്നാണു ബാബർ എന്ന പദത്തിന്റെ അർഥം. ടൈമൂറിന്റെ വംശജനായ അദ്ദേഹം ജനിച്ചത് ഇന്നത്തെ ഉസ്ബെക്കിസ്ഥാനിൽ ഫെർഗാന താഴ്വരയിലാണ്. സഹീർ ഉദ്ദീൻ മുഹമ്മദ് എന്നായിരുന്നു പേര്. 1483ൽ ജനിച്ച് 12-ാം വയസിൽ ഫെർഗാനയുടെ ഭരണാധികാരിയായ ബാബർ 47 വർഷമേ ജീവിച്ചുള്ളൂ.
മംഗോൾ വംശജനായ ബാബർ സമർഖണ്ട് പിടിച്ചു രാജ്യം വലുതാക്കി. പക്ഷേ ഫെർഗാന നഷ്ടമായി. പിന്നെ ഫെർഗാന തിരിച്ചുപിടിച്ചു. ക്രമേണ കാബൂളിലേക്കു രാജ്യം വ്യാപിപ്പിച്ചു. 1526ൽ ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ തോല്പിച്ച് ഡൽഹിയിൽ ഭരണം പിടിച്ചു. മേവാറിലെ രജപുത്ര രാജാവ് റാണാ സംഗയെ ഖാൻവ യുദ്ധത്തിൽ തോല്പിച്ചു. 1530ൽ ആഗ്രയിൽ അന്തരിച്ച ബാബറുടെ മൃതദേഹം പിന്നീടു കാബൂളിൽ പുനഃസംസ്കരിച്ചു.
ഉസ്ബെക്കിസ്ഥാനിലും കിർഗിസ്ഥാനിലും വീരപുരുഷനായി കരുതപ്പെടുന്ന ബാബർ എഴുതിയ സ്വന്തം കഥയാണ് ബാബർ നാമ. മുഗൾ രാജവംശസ്ഥാപകനായ ബാബറിന്റെ പുത്രനാണു ഹുമയൂൺ ചക്രവർത്തി. ബാബറിന്റെ കല്പനപ്രകാരം സേനാധിപൻ മിർബാഖിയാണ് 1528ൽ ബാബറി മസ്ജിദ് പണികഴിപ്പിച്ചത്. അതു രാമക്ഷേത്രം നിന്നിരുന്ന സ്ഥലത്താണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.