കേസിലെ കക്ഷികൾ
Sunday, November 10, 2019 2:32 AM IST
ഹിന്ദു പക്ഷം
1. ഗോപാൽസിംഗ് വിശാരദ്: 1950ൽ ആരാധനാ സ്വാതന്ത്ര്യത്തിനായി കേസ് കൊടുത്തു. വിശാരദ് മരിച്ചശേഷം മകൻ രാജേന്ദ്രസിംഗ് കേസ് നടത്തി. അയോധ്യാ നിവാസി.
2. മഹന്ത് സുരേഷ് ദാസ്: അയോധ്യയിലെ ദിഗംബര അഖാഡയുടെ പ്രതിനിധി. 1950ൽ അന്ന് അഖാഡ പ്രതിനിധിയായി കേസ് നൽകിയ മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പിൻഗാമി.
3. നിർമോഹി അഖാഡ: രാമനന്ദി വൈരാഗി വിഭാഗം സന്യാസിമാരുടെ പ്രസ്ഥാനം. അഖില ഭാരതീയ അഖാഡ പരിഷത്ത് അംഗീകരിച്ച 14 അഖാഡകളിൽ ഒന്ന്. ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്തിന് അവകാശമുന്നയിച്ച് 1959ൽ കേസ് നൽകി.
4. ശ്രീരാമജന്മഭൂമി, അയോധ്യ (പ്രതിനിധി ദേവകി നന്ദൻ അഗർവാൾ): 1989-ലാണു അലാഹാബാദ് ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജി ദേവകി നന്ദൻ അഗർവാൾ കേസിൽ കക്ഷിയാകുന്നത്. രാം ലല്ല (ബാലനായ ശ്രീരാമൻ)യ്ക്കും ശ്രീരാമജന്മഭൂമിക്കും വേണ്ടിയാണു ഹർജിക്കാരനായതെന്നു വാദം. സുപ്രീംകോടതി രാം ലല്ലയെയും രാമജന്മഭൂമിയെയും നൈയാമിക വ്യക്തികൾ ആയി അംഗീകരിച്ചു. അഗർവാൾ 2002-ൽ മരിച്ചശേഷം വിശ്വഹിന്ദുപരിഷത്ത് നേതാവ് ത്രിലോക് നാഥ് പാണ്ഡേ ആണു രാം ലല്ലയുടെ ""സുഹൃത്ത്'' എന്ന രീതിയിൽ കേസ് തുടർന്നത്.
5. അഖില ഭാരതീയ ഹിന്ദുമഹാസഭ: 2010ലെ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ വന്നു. ഹിന്ദുക്കൾക്കും മാത്രമായി തകർക്ക ഭൂമി നല്കിയ ന്യൂനപക്ഷ വിധി (മൂന്നംഗ ബെഞ്ചിൽ രണ്ടുപേരുടെ ഭൂരിപക്ഷ വിധിയിലാണ് മൂന്നായി വിഭജിക്കാനുള്ള നിർദേശം) സ്വീകരിക്കണമെന്നാണു മഹാസഭ ആവശ്യപ്പെട്ടത്.
6. അഖില ഭാരതീയ ശ്രീരാമജന്മഭൂമി പുനരുദ്ധാരണ സമിതി(കൺവീനർ): 2010-ലെ വിധിക്കെതിരേ അപ്പീലിൽ വന്ന കക്ഷി. 2011ൽ ജസ്റ്റീസുമാരായ ആഫ്താബ് അലമും ആർ.എം. ലോധയും അവരെ കക്ഷികളായി സ്വീകരിച്ചു.
മുസ്ലിം പക്ഷം
1. എം. സിദ്ദിഖ്: ഉത്തർപ്രദേശിലെ ജമിയത് ഉൽ ഉലെമ ഇ ഹിന്ദ് (മുസ്ലിം മതപണ്ഡിതന്മാരുടെ സംഘം) ജനറൽ സെക്രട്ടറിയായിരുന്നു. സിദ്ദിഖ് നല്കിയ കേസാണ് അയോധ്യ ഭൂമി ഉടമസ്ഥതാ കേസ് ആയി മാറിയത്. സിദ്ദിഖ് മരിച്ചശേഷം ജമിയത്തിലെ മൗലാന അഷ്ഹാദ് റഷീദി ഹർജിക്കാരനായി.
2. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്: 1961 ഫെബ്രുവരി ഒന്നിനു ഫൈസാബാദ് ജില്ലാ കോടതിയിൽ ഇവർ കേസ് നൽകി. ഹിന്ദുക്കൾ നൽകിയ കേസുകൾക്കെതിരേയായിരുന്നു ഇത്.
3. മുഹമ്മദ് ഹാഷിം: അയോധ്യയിലെ ഒരു തയ്യൻക്കാരൻ ആയിരുന്നു മുഹമ്മദ് ഹാഷിം അൻസാരി. ബാബറി മസ്ജിദിൽ നിന്നു മീറ്ററുകൾ മാത്രം അകലെയായിരുന്നു വീട്. 2016ൽ ഹാഷിം മരിച്ചു. തുടർന്നു മകൻ ഉഖ്ബാൽ അൻസാരി കേസ് നടത്തി.
4. ഹാജി മിസ്ബഹുദ്ദീൻ: ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ഷഹബുദ്ദീൻ ആരംഭിച്ച നിയമയുദ്ധം പിതാവ് സിയാവുദ്ദീൻ തുടർന്നു. പിന്നീട് മിസ്ബഹുദീനും ഫൈസാബാദിലായിരുന്നു താമസം.
5. ഹാജി ഫെൻകു: ബാബറി മസ്ജിദിൽ ബാങ്ക് വിളിക്കുന്നയാളാണ്. അയോധ്യയിലെ വലിയ ഭൂവുടമയായ ഹാജി ഫെൻകു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ബാജി മെഹബൂബ് കേസ് നടത്തി.
6. ഫൂഖ് അഹമ്മദ്: 1949ൽ ബാബറി മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ചതിനെതിരേ കേസ് നൽകിയ മുഹമ്മദ് സാഹുറിന്റെ പുത്രൻ. ഇദ്ദേഹം 2014ൽ മരിച്ചപ്പോൾ മകൻ മുഹമ്മദ് ഉമർ കേസ് തുടർന്നു.
7. മൗലാന മഹ്ബുസുറഹ്മാൻ: ഫൈസാബാദുകാരനായ ഇദ്ദേഹത്തിനുവേണ്ടി അന്നാട്ടുകാരനും ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി അംഗവും ഓൾ ഇന്ത്യ മിലി കൗൺസിൽ അംഗവുമായ ഖാലിഖ് അഹമ്മദ് ഖാൻ കേസ് നടത്തി.
8. ഷിയാ സെൻട്രൽ വഖഫ് ബോർഡ്: മുഗൾ ചക്രവർത്തി ബാബറിന്റെ സേനാനായകൻ മിർ ബാഖി ഒരു ഷിയാ ആയിരുന്നു. ഇദ്ദേഹമാണു മസ്ജിദ് പണിക്കു മേൽനോട്ടം വഹിച്ചത്. അതിനാൽ മസ്ജിദ് തങ്ങൾക്കുള്ളതാണെന്നു ഷിയാ വഖഫ് ബോർഡ് അവകാശപ്പെട്ടു. 1946ൽ വിചാരണക്കോടതിയും 2010ൽ ഹൈക്കോടതിയും ഇവരുടെ വാദങ്ങൾ തള്ളിയിരുന്നു.