ഭാര്യക്കു പിന്നാലെ അശോക് ലവാസയുടെ മകനെതിരേയും അന്വേഷണം
Tuesday, November 12, 2019 11:59 PM IST
ന്യൂഡൽഹി: ചട്ടംലംഘിച്ചു വിദേശനിക്ഷേപം സ്വീകരിച്ചുവെന്ന കുറ്റത്തിനു തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ മകൻ അബിറിനും ഇദ്ദേഹം ഡയറക്ടറായ കന്പനിക്കും എതിരേ എന്ഫോഴ്സ്മെന്റ് അന്വേഷണം. വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന കുറ്റത്തിനാണ് അബിറിനും നൗറിഷ് ഓർഗാനിക് എന്ന കന്പനിക്കുമെതിരേ അന്വേഷണമാരംഭിച്ചത്.
മൗറീഷ്യസിലെ സമ ക്യാപിറ്റൽ എന്ന കന്പനി ഈ വർഷം ആദ്യം 7.25 കോടി രൂപ നൗറിഷ് ഓർഗാനിക്കിൽ നിക്ഷേപിച്ചതു ഫെമ ചട്ടം ലംഘിച്ചാണോ എന്നാണു പരിശോധന.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഏതാനും പേരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉയർന്ന ചട്ടലംഘന കേസുകളിൽ അദ്ദേഹത്തിനു ക്ലീൻ ചിറ്റ് നൽകിയതിനെ അശോക് ലവാസ എതിർത്തിരുന്നു. തന്റെ വിയോജിപ്പ് കമ്മീഷൻ യോഗത്തിൽ വ്യക്തമാക്കണമെന്ന ലവാസയുടെ ആവശ്യവും ഏറെ ചർച്ച ചെയ്തിരുന്നു.
ഇതിനുപിന്നാലെ ലവാസയുടെ ഭാര്യയും മകനും മറ്റു ബന്ധുക്കൾക്കുമെതിരേ വിവിധ കേസുകളിൽ അന്വേഷണം നടക്കുകയായിരുന്നു. നികുതി വെട്ടിപ്പ് കേസിൽ അശോക് ലവാസയുടെ ഭാര്യ നോവൽ സിംഗാളിനെതിരേ അന്വേഷണം നടക്കുകയാണ്. പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ആദായനികുതി റിട്ടേൺ സംബന്ധിച്ച് വിശദീകരണം നൽകാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തോളം കന്പനികളുടെ ഡയറക്ടറായി ഇവർ പ്രവർത്തിക്കുന്നുണ്ട്. വരുമാനം സംബന്ധിച്ചു കൂടുതൽ വിശദീകരണം നൽകാനും നോവലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മറ്റ് ചില ബന്ധുക്കളും അന്വേഷണപരിധിയിലുണ്ട്.
കേന്ദ്ര ഫിനാൻസ് സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ചതിനു പിന്നാലെ 2018 ജനുവരി 23 നാണ് അശോക് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.