സോണിയ-പവാർ ചർച്ച ഇന്നുണ്ടാകില്ല
Sunday, November 17, 2019 1:00 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും എൻസിപി അധ്യക്ഷൻ ശരത് പവാറും ഡൽഹിയിൽ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്ന് ഉണ്ടാകില്ല. എൻസിപി കോർ കമ്മിറ്റി യോഗം ഇന്നു വൈകുന്നേരം നാലിനു പൂനയിൽ നടക്കുന്നുണ്ട്.
അതിനുശേഷമാണ് പവാർ ഡൽഹിക്കു പോകുക. അതിനാൽ ഇന്നു പവാർ-സോണിയ കൂടിക്കാഴ്ച ഉണ്ടായേക്കില്ലെന്ന് എൻസിപി വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി തിങ്കളാഴ്ചയോ അല്ലെങ്കിൽ ചൊവ്വാഴ്ചയോ ശരത് പവാർ ചർച്ച നടത്തുമെന്നും സോണിയഗാന്ധിയുമായി അതിനുശേഷം ചർച്ച നടത്തുമെന്നാണു എൻസിപി വൃത്തങ്ങൾ പറയുന്നത്.
കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കളും ഗവർണറുമായുള്ള കൂടിക്കാഴ്ച നീട്ടിവച്ചു
കോണ്ഗ്രസ്, ശിവസേന, എൻസിപി നേതാക്കൾ മഹാരാഷ് ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി ഇന്നലെ നടത്താനിരുന്ന കൂടിക്കാഴ്ച നീട്ടിവച്ചു. മൂന്നു പാർട്ടികളിലും പ്രമുഖ നേതാക്കളെല്ലാം അവരുടെ മണ്ഡലങ്ങളിലായതുകൊണ്ടാണ് കൂടിക്കാഴ്ച നീട്ടിവച്ചതെന്നു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്നാഥ് ഷിൻഡെ പറഞ്ഞു.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ചർച്ചയ്ക്കാണു ഗവർണറെ കാണാനിരുന്നതെന്നാണു മൂന്നു പാർട്ടി നേതാക്കളും പറയുന്നതെങ്കിലും സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കാനാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.