ചർച്ച് ആക്ട് ഭരണഘടനാവിരുദ്ധം: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ
Wednesday, December 4, 2019 11:59 PM IST
മുംബൈ: ക്രൈസ്തവസഭകളുടെ കെട്ടുറപ്പിനെയും ഭരണസംവിധാനത്തെയും തകർക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ചിലർ ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശത്തിനും വിരുദ്ധമാണ് ചർച്ച് ആക്ട്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഇത്തരം നടപടികൾ ഭരണഘടനാ കോടതിക്കു മുന്പിൽ നിലനില്‍ക്കില്ലെന്നു മുംബൈയിൽ കൂടിയ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ചർച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു വിവിധ കോടതികളിൽ നടക്കുന്ന കേസുകളിൽ എതിർകക്ഷിയായി ചേരുന്നതിനും യോഗം തീരുമാനിച്ചു.
ഗ്ലോബൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ആന്റണി മുത്തോലി, ഡൻസിൽ ബ്രൗൺ, ജോയ്സ് ലോപ്പോസ്, ലിസിലാൽ റംസാംഗി, അനില പീറ്റർ, അഡ്വ. റോസിൻ ജേക്കബ്, ജോസഫ് തോമസ്, ജോഷ്വ ശ്രാന്പിക്കൽ എന്നിവർ പ്രസംഗിച്ചു.