അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തി ജവാൻ ജീവനൊടുക്കി; മരിച്ചവരിൽ മലയാളി ജവാൻ ബിജീഷും
Thursday, December 5, 2019 12:41 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്(ഐടിബിപി) ജവാൻ മലയാളി അടക്കം അഞ്ച് സഹപ്രവർത്തകരെ വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ച് ജീവനൊടുക്കി. നാരായൺപുർ ജില്ലയിലെ കാദേനാർ ഗ്രാമത്തിലെ ഐടിബിപി 45-ാം ബറ്റാലിയൻ ക്യാന്പിൽ ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു സംഭവമെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു.
ഐടിബിപി കോൺസ്റ്റബിൾ മസുദുൽ റഹ്മാൻ ആണ് സർവീസ് റൈഫിൾകൊണ്ട് സഹപ്രവർത്തകരെ വെടിവച്ചു കൊന്നശേഷം ജീവനൊടുക്കിയത്. ഹെഡ് കോൺസ്റ്റബിൾമാരായ മഹേന്ദ്ര സിംഗ്, ദൽജിത് സിംഗ്, കോൺസ്റ്റബിൾമാരായ സുർജിത് സർക്കാർ, ബിശ്വരൂപ് മഹാതോ, ബിജീഷ് എന്നിവരാണു കൊല്ലപ്പെട്ടത്.
ബിജീഷ് കോഴിക്കോട് പേരാന്പ്ര സ്വദേശിയാണ്. കോൺസ്റ്റബിൾമാരായ എസ്.ബി. ഉല്ലാസ്, സീതാറാം ഡൂൺ എന്നിവർക്കു പരിക്കേറ്റു. ഇവരെ വിമാനത്തിൽ റായ്പുരിലെ ആശുപത്രിയിലെത്തിച്ചു.
റഹ്മാനു നേർക്ക് മറ്റു ജവാന്മാർ വെടിയുതിർത്തില്ലെന്ന് ഐടിബിപി വക്താവ് വിവേക്കുമാർ പാണ്ഡെ പറഞ്ഞു. എന്നാൽ, റഹ്മാൻ സ്വയം വെടിവച്ച് മരിച്ചതാണോ സഹപ്രവർത്തകരുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ്പറഞ്ഞു. കൊല്ലപ്പെട്ട ജവാന്മാരുടെ ആയുധങ്ങൾ പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട മലയാളി ജവാൻ ബിജീഷ്(ഉണ്ണി - 30) പേരാമ്പ്ര കല്ലോട് അയ്യപ്പന്‍ചാലില്‍ ബാലന് നായരുടെ മകനാണ് . സുമയാണ് ബിജീഷിന്റെ അമ്മ. ഭാര്യ: അമൃത (മഞ്ജു, ആശ ഹോസ്പിറ്റല്‍ വടകര). മകള്‍: ദക്ഷ. സഹോദരന്: സിജീഷ് (ഡ്രൈവര്‍). ബിജീഷ് നാല് മാസം മുമ്പ് അവധിക്ക് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്.