മാനഭംഗ പരാതി പിൻവലിച്ചില്ലെന്ന്; യുവതിക്കു നേരേ ആസിഡ് ആക്രമണം
Monday, December 9, 2019 12:15 AM IST
മുസാഫർനഗർ: മാനഭംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്കു നേരേ പ്രതികളുടെ ആസിഡ് ആക്രമണം. യുപിയിലെ മുസാഫർനഗറിലാണു സംഭവം. ആക്രമണത്തിൽ 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി പ്രതികളായ ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നിവർ യുവതിയുടെ വീട്ടിലെത്തി മാനഭംഗ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. യുവതി വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. മാനഭംഗ പരാതിയുമായ മുപ്പതുകാരി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് യുവതി നേരിട്ട് കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ തെളിവൊന്നും ലഭിച്ചില്ലെന്നായിരുന്നു പോലീസ് ഭാഷ്യം.