ഉന്നാവോ പെൺകുട്ടിക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം
Monday, December 9, 2019 12:15 AM IST
ഉന്നാവോ(ഉത്തർപ്രദേശ്): ഉന്നാവോയിൽ മാനഭംഗത്തിനിരയാക്കി നാളുകൾക്കുശേഷം പ്രതികൾതന്നെ തീവച്ചു കൊലപ്പെടുത്തിയ പെൺകുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി.
വിദഗ്ധചികിത്സയ്ക്കിടെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽവച്ചു മരിച്ച പെൺകുട്ടിയുടെ മൃതദേഹം കനത്ത സുരക്ഷയിൽ ജന്മനാട്ടിലെത്തിച്ചു. മുത്തച്ഛനും മുത്തശിയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തായിരുന്നു സംസ്കാരം.അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനു വൻ ജനക്കൂട്ടമാണ് എത്തിയത്.
സമാജ്വാദി പാർട്ടി നേതാക്കൾ, യുപിയിലെ മന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, കമൽ റാണി വരുൺ തുടങ്ങിയവരും എത്തിയിരുന്നു.സർക്കാർ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി കമാൽ റാണി വരുൺ പറഞ്ഞു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കയുണ്ടെന്ന് സമാജ്വാദി പാർട്ടി നേതാവ് സുനിൽ സിംഗ് സജ്ജൻ പറഞ്ഞു.