ബിജെപി മേഖലാ യോഗത്തിൽനിന്നു പങ്കജ മുണ്ടെ വിട്ടുനിന്നു
Tuesday, December 10, 2019 12:00 AM IST
ഔറംഗാബാദ്: ഇന്നലെ ചേർന്ന ബിജെപിയുടെ മേഖലാ യോഗത്തിൽനിന്നു പങ്കജ മുണ്ടെ വിട്ടുനിന്നു. അസുഖമായതിനാലാണു പങ്കജ യോഗത്തിൽ പങ്കെടുക്കാത്തതെന്നും മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നുവെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
പാർളിയിൽ രണ്ടു ദിവസത്തിനകം പങ്കജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാട്ടീൽ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടർന്ന് പങ്കജ ബിജെപി നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ല. വ്യാഴാഴ്ച നടക്കുന്ന ഗോപിനാഥ് മുണ്ടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ അനുയായികളോട് പങ്കജ ആവശ്യപ്പെട്ടിട്ടുണ്ട്. 12 ബിജെപി എംഎൽഎമാരുമായി പങ്കജ ശിവസേനയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് പങ്കജ രംഗത്തുവന്നിരുന്നു.
മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ കേന്ദ്രനേതാക്കളുമായി ചർച്ച നടത്താൻ ഇന്നലെ ഡൽഹിയിലെത്തി. മുൻ റവന്യൂ മന്ത്രിയായ ഖഡ്സെയ്ക്ക് ഇത്തവണ സീറ്റ് നല്കിയിരുന്നില്ല. മകൾക്കു സീറ്റ് നല്കിയെങ്കിലും പരാജയപ്പെട്ടു. തന്റെ മകളുടെയും പങ്കജയുടെയും പരാജയത്തിനു കാരണം ചില നേതാക്കളാണെന്ന് ഖഡ്സെ വിമർശനമുയർത്തിയിരുന്നു.
ബിജെപിയിൽ ഫഡ്നാവിസിന്റെ എതിർപാളയത്തിലാണു ഖഡ്സെ. അവഹേളനം തുടർന്നാൽ മറ്റു വഴികൾ തേടുമെന്ന് കഴിഞ്ഞദിവസം പാർട്ടി നേതൃത്വത്തിന് ഖഡ്സെ മുന്നറിയിപ്പു നല്കിയിരുന്നു. ലേവ പട്ടേൽ വിഭാഗക്കാരനായ ഖഡ്സെ വടക്കൻ മഹാരാഷ്ട്രയിൽ സ്വാധീനമുള്ള നേതാവാണ്.
ഇന്നലെ ഡൽഹിയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഖഡ്സെ കൂടിക്കാഴ്ച നടത്തി. പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.