പ്രതിഷേധം അടിച്ചമർത്തുന്നത് ജമ്മു-കാഷ്മീർ മോഡലിലെന്നു പ്രതിപക്ഷം
Friday, December 13, 2019 12:37 AM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജമ്മു കാഷ്മീർ മോഡലിൽ ആണെന്ന് പ്രതിപക്ഷം. ബില്ലിനെതിരേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെക്കുറിച്ച് ഇന്നലെ ലോക്സഭയിൽ കോണ്ഗ്രസ് വിഷയം ഉന്നയിച്ചു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയ അതേ മാതൃകയിലാണ് സർക്കാർ ത്രിപുരയിലും ആസാമിലും പെരുമാറുന്നതെന്ന് കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. എന്നാൽ, സർക്കാർ ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും നിരോധിച്ചും റെയിൽ, വ്യോമ ഗതാഗതം നിർത്തലാക്കിയും ആണ് ഇതിനെ നേരിടുന്നതെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാൽ, രാഷ്ട്രീയ ലക്ഷ്യം വച്ചു വടക്കു കിഴക്കൻ പ്രതിഷേധത്തെ കോണ്ഗ്രസ് ആളിക്കത്തിക്കുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് എംപിമാർ സഭയിൽ നിന്നിറങ്ങിപ്പോയി.