ശബരിമല: വിശാല ബെഞ്ചിന്റെ വിധി വരെ കാത്തിരിക്കണം
Saturday, December 14, 2019 1:15 AM IST
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിനു വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കാനുള്ള ഏഴംഗ വിശാല ബെഞ്ച് ഉടൻ രൂപീകരിക്കും. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ സ്ഫോടനാത്മകമാണെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, മറ്റൊരു കലാപം ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
ശബരിമലയിൽ ദർശനം നടത്തുന്നതിനു സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 23ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഏഴംഗ ബെഞ്ചിന്റെ വിധി നിങ്ങൾക്ക് അനുകൂലമാണെങ്കിൽ സംരക്ഷണം നൽകാൻ ഉത്തരവിടാമെന്നും മൂന്നംഗ ബെഞ്ച് വിശദമാക്കി.