കടം വാങ്ങിയ കുടുംബപ്പേരുമായി രാഹുൽ എങ്ങനെ ദേശസ്നേഹിയാകും: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
Sunday, December 15, 2019 12:31 AM IST
പാറ്റ്ന: മേക് ഇൻ ഇന്ത്യയല്ല, മോദിയുടേത് റേപ് ഇൻ ഇന്ത്യ ആണെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പരാമർശം വിവാദമായതിനു പിന്നാലെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക്, താൻ വി.ഡി. സവർക്കറല്ലെന്ന രാഹുലിന്റെ മറുപടി വീണ്ടും ബിജെപിയെ ചൊടിപ്പിച്ചു.
കടം വാങ്ങിയ കുടുംബപ്പേരുമായി രാഹുലിന് ഒരിക്കലും രാജ്യസ്നേഹിയാകാനാകില്ലെന്നും ഹിന്ദുസ്ഥാനിയുടെ രക്തം സിരകളി ലുള്ളവർക്കേ അതിനുസാധിക്കൂവെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ബിജെപിയുടെ മേക് ഇൻ ഇന്ത്യ മുദ്രാവാക്യത്തെ അവഹേളിച്ച രാഹുൽ മാപ്പു പറയാൻപോലും തയാറല്ല. രാഹുൽ പരിഹസിച്ച സവർക്കർ യഥാർഥ രാജ്യസ്നേഹിയായിരുന്നുവെന്നും കേന്ദ്ര കാർഷിക-വന്യജീവി മന്ത്രി ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു.
സോണിയഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഫോട്ടോയ്ക്കൊപ്പം, ഇവർ ഇന്ത്യയിലെ സാധാരണ പൗരന്മാരാണെന്നു സംശയമുണ്ടെന്നും പലരും സ്വന്തം മേൽവിലാസം മറച്ചുവച്ച് രാജ്യത്തെ കവർച്ച ചെയ്തതിനാൽ ഇനി അതനുവദിക്കില്ലെന്നും ട്വീറ്റിലുണ്ട്.