സിബി ജെ. മോനിപ്പള്ളി ഡൽഹിയിൽ നിര്യാതനായി
Monday, January 20, 2020 12:27 AM IST
ന്യൂഡൽഹി: കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നാഫെഡ് ഡയറക്ടറുമായ സിബി ജെ. മോനിപ്പള്ളി(53) നിര്യാതനായി. ഡൽഹിയിലെ സരായ് രോഹില്ല റെയിൽവെ സ്റ്റേഷനിൽ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇദ്ദേഹത്ത അബോ ധാവ സ്ഥയിൽ കണ്ടത്തുകയായി രുന്നു.
തുടർന്ന് ന്യൂ റോത്തക് റോഡിലുള്ള ജീവൻ മാല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പ്രമേഹ രോഗമുള്ള ഇദ്ദേഹത്തിനു ഹൃദയ സ്തംഭനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് എറണാകുളത്തെ വസതിയിലെത്തിക്കും. സംസ്കാരം പിന്നീട്.
ജയ്പുരിലേക്കു പോകുന്നതിനാണ് സിബി സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിലെത്തിയത്. കർഷക നേതാവും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബർ ബോർഡ് അംഗം, റബർ മാർക്ക് ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്. റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്.
ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാട്ടാണ് താമസിക്കുന്നത്. കരിക്കാട്ടൂർ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. മക്കൾ: ആദർശ്, അരവിന്ദ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എംപി, പ്രഫ. കെ.വി. തോമസ്, കെ.സി. ജോസഫ് എംഎൽഎ, പി.റ്റി. തോമസ് എംഎൽഎ തുടങ്ങിയവർ അനുശോചിച്ചു.