ബംഗളൂരുവിൽ കത്തോലിക്കാ പള്ളി ആക്രമിച്ചു
Wednesday, January 22, 2020 12:17 AM IST
ബംഗളൂരു: ബംഗളൂരുവിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. ബംഗളൂരു അതിരൂപതയ്ക്കു കീഴിലുള്ള കെംഗേരി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിനു നേരേയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ദേവാലയത്തിനുള്ളിൽ കടന്ന അക്രമി സക്രാരി കുത്തിത്തുറന്ന് പൂജ്യമായ തിരുവോസ്തി വലിച്ചെറിഞ്ഞു. അൾത്താരയിലെ തിരുവസ്ത്രങ്ങളും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തിരുസ്വരൂപങ്ങൾ തട്ടിമറിക്കുകയും ചെയ്തു.
പള്ളി വികാരി ഫാ. സതീഷിന്റെ പരാതിപ്രകാരം സ്ഥലത്തെത്തിയ കെംഗേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ യു.വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു. മോഷണം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിൻഭാഗത്തെ വാതിലിലൂടെ ഒരാൾ ദേവാലയത്തിനുള്ളിലേക്ക് കടക്കുന്നതായുള്ള ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പള്ളിയാക്രമണത്തെ ബംഗളൂരു അതിരൂപത അപലപിച്ചു. തിരുവോസ്തിയെ അക്രമി അവഹേളിച്ചതിനു പ്രായശ്ചിത്തമായി 24ന് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും 12 മണിക്കൂർ ആരാധന നടത്തണമെന്ന് ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ നിർദേശിച്ചു.