ഗഗൻയാനിനു മുന്പേ ബഹിരാകാശ യാത്രയ്ക്കു ‘വ്യോമമിത്ര' ഒരുങ്ങുന്നു
Thursday, January 23, 2020 1:00 AM IST
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനു മുന്നോടിയായി അയയ്ക്കുന്ന ആളില്ലാ ബഹിരാകാശ പേടകത്തിൽ ‘വ്യോമമിത്ര’ എന്ന വനിതാ ഹ്യൂമനോയിഡും.
2021 ഡിസംബറിൽ ഗഗൻയാൻ ബഹിരാകാശത്തേക്കു കുതിക്കുമെന്നാണു കരുതുന്നത്. അതിനു മുന്നോടിയായുള്ള ആളില്ലാ പേടകത്തിലാണ് ഹ്യുമനോയിഡായ ‘വ്യോമമിത്ര’യുടെ സാന്നിധ്യം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐഐഎസ്സി)ശാസ്ത്രജ്ഞരാണ് ഐഎസ്ആർഒയുമായി സഹകരിച്ചാണു വ്യോമമിത്രയെ വികസിപ്പിച്ചെടുത്തത്.
മനുഷ്യനു സമാനമായ രീതിയിൽ സാഹചര്യങ്ങളോടു പ്രതികരിക്കാനും പെരുമാറാനും കഴിയുന്ന തരത്തിലുള്ള നിർമിത ബുദ്ധിയോടെയാണ് ഹ്യൂമനോയിഡിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്.
ഭൂമിയിൽ നിന്ന് ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ പാലിക്കാനും അവരുമായി സംവദിക്കാനും ഇതിനു കഴിയുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബുധനാഴ്ച ബംഗളൂരുവിൽ നടന്ന ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സിംപോസിയത്തിലാണ് ‘വ്യോമമിത്ര’യെ അവതരിപ്പിച്ചത്. ബഹിരാകാശം എന്ന അർത്ഥംവരുന്ന സംസ്കൃത വാക്കായ വ്യോമയും സുഹൃത്ത് എന്ന അർത്ഥംവരുന്ന മിത്ര എന്ന വാക്കുംചേർത്താണു ഹ്യുമനോയിഡന്റെ പേര് തയാറാക്കിയത്. സദസിനെ സ്വയംപരിചയപ്പെടുത്തി സെമിനാറിന്റെ ശ്രദ്ധാകേന്ദ്രമായി ‘വ്യോമമിത്ര’ മാറി.