ജെവിഎം(പി)യിലെ രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്
Saturday, January 25, 2020 12:34 AM IST
റാഞ്ചി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ബാബുലാൽ മറാൻഡി നയിക്കുന്ന ജാർഖണ്ഡ് വികാസ് മോർച്ച(പ്രജാതാന്ത്രിക്) പാർട്ടി പിളർപ്പിലേക്ക്. പാർട്ടിയിൽ ആകെയുള്ള മൂന്ന് എംഎൽഎമാരിൽ രണ്ടു പേർ കോൺഗ്രസിൽ ചേരും. എംഎൽഎമാരായ ബന്ധു ടിർക്കി, പ്രദീപ് യാദവ് എന്നിവർ കഴിഞ്ഞദിവസം കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുൽഗാന്ധി എന്നിവരുമായി ചർച്ച നടത്തി. ബാബുലാൽ മറാൻഡിയാണു ജെവിഎം(പി) പാർട്ടിയിലെ മൂന്നാമത്തെ എംഎൽഎ.
ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ഇന്നലെ ജെവിഎം(പി) പ്രഖ്യാപിച്ചു. തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതുകൊണ്ടാണ് ഈ തീരുമാനമെന്ന് ജെവിഎം(പി) ജനറൽ സെക്രട്ടറി സരോജ് സിംഗ് പറഞ്ഞു. പ്രദീപ് യാദവിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കു കത്ത് നല്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 81 അംഗ സഭയിൽ 47 പേരുടെ പിന്തുണയുള്ള സോറൻ സർക്കാരിനെ ജെവിഎമ്മി(പി)ന്റെ നീക്കം ബാധിക്കില്ല.
മൻഡാർ എംഎൽഎയായ ബന്ധു ടിർക്കിയെ ചൊവ്വാഴ്ച പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ജെവിഎം-പി ബിജെപിയിൽ ലയിക്കുമെന്നും ബാബുലാൽ മറാൻഡി ബിജെപി നിയമസഭാ കക്ഷി നേതാവാകുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണു രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്കു ചേക്കേറാനൊരുങ്ങുന്നത്. 25 അംഗങ്ങളുള്ള ബിജെപി ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ബിജെപിയിൽ ലയിക്കുമെന്ന വാർത്ത ജെവിഎം-പി തള്ളിക്കളയുന്നു. ബിജെപി നേതാവായിരുന്ന ബാബുലാൽ മറാൻഡി 2006ലാണ് ജെവിഎം-പി രൂപവത്കരിച്ചത്.