അധിക നികുതി അനീതിയെന്നു ചീഫ് ജസ്റ്റീസ്
Saturday, January 25, 2020 1:23 AM IST
ന്യൂഡൽഹി: ജനങ്ങൾക്കുമേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്നതു സാമൂഹിക അനീതിയാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ചീഫ് ജസ്റ്റീസ് സർക്കാരിനെ ഉപദേശിച്ച് രംഗത്തെത്തിയത്.
ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സമഗ്ര വികസനത്തിനുമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ 79-ാം വാർഷിക പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായി നികുതി അടിച്ചേൽപ്പിക്കുന്നതിലൂടെ സർക്കാർ തന്നെ സാമൂഹിക അനീതി കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.