യുപിയിൽ മനുഷ്യാവകാശ ലംഘനം: പരാതിയുമായി രാഹുലും പ്രിയങ്കയും
Tuesday, January 28, 2020 12:13 AM IST
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ കോണ്‍ഗ്രസ് സംഘം മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എച്ച്.എൽ. ദത്തുവിനു മുന്നിൽ ഹാജരായാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരാതി നൽകിയത്.
ഉത്തർ പ്രദേശിൽ ബറേലി, കാണ്‍പുർ, മീററ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പോലീസ് വെടിവെയ്പിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പൗരത്വ വിഷയത്തിൽ വൻ പ്രതിഷേധം നടക്കുന്ന സംസ്ഥാനത്ത് മുസ്ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് ആക്രമണം അഴിച്ചു വിടുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുമെന്നാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്.
ഉത്തർപ്രദേശിലെ 15 ജില്ലകളിൽ പ്രതിഷേധക്കാർക്കെതിരേ പോലീസ് നടത്തിയ നരനായാട്ടു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പരാതി നൽകിയത്.