ശബരിമല: 10 ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്നു ചീഫ് ജസ്റ്റീസ്
Wednesday, January 29, 2020 12:20 AM IST
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവും മസ്ജിദുകളിലെ സ്ത്രീ പ്രവേശനവും അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ വിശാല ബെഞ്ചിനു മുന്പാകെ പത്ത് ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. വിശാല ബെഞ്ച് പരിശോധിക്കേണ്ട റഫറൻസ് വിഷയങ്ങൾ ഏതെല്ലാമെന്ന കാര്യത്തിൽ അഭിഭാഷകരുടെ യോഗത്തിൽ സമവായമുണ്ടായില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. റഫറൻസ് വിഷയങ്ങൾ ഏതെല്ലാമെന്നു കോടതി തീരുമാനിക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
ശബരിമല കേസിൽ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ച ഏഴ് ചോദ്യങ്ങൾ കൂടാതെ ഏതെല്ലാം വിഷയങ്ങൾ പരിശോധിക്കണമെന്നതു സംബന്ധിച്ച് കരട് നിർദേശങ്ങൾ തയാറാക്കാൻ അഭിഭാഷകരോടു ഒൻപതംഗ ബെഞ്ച് നിർദേശിച്ചിരുന്നു.
സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന അഭിഭാഷകർ 17 ചോദ്യങ്ങൾ അടങ്ങിയ പരിഗണനാ വിഷയങ്ങളുടെ കരട് തയാറാക്കിയിരുന്നെങ്കിലും സമവായമുണ്ടാക്കാനായിരുന്നില്ല. ഇക്കാര്യമാണ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. ശബരിമല അടക്കം നാലു കേസുകളിൽ നിന്നുള്ള റഫറൻസുകളായതിനാൽ 22 ദിവസത്തെ വാദം വേണമെന്നാണ് അഭിഭാഷകർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, പത്ത് ദിവസത്തിൽ കൂടുതൽ വാദം വേണ്ട എന്നാണ് ഇന്നലെ ചീഫ് ജസ്റ്റീസ് അറിയിച്ചത്.
റഫറൻസ് വിഷയങ്ങൾ ഏതെല്ലാമെന്നു കോടതി തീരുമാനിച്ചതിനുശേഷമാവും ഒൻപതംഗ ബെഞ്ച് വാദം കേൾക്കാൻ തുടങ്ങുക. ഇത് ഫെബ്രുവരി മൂന്നിനു കേസ് പരിഗണിക്കുന്പോൾ കോടതി വ്യക്തമാക്കിയേക്കും.