"ഇന്ത്യൻ 2' ചിത്രീകരണത്തിനിടെ അപകടം: തമിഴ് ചലച്ചിത്രലോകം വിതുന്പി
Thursday, February 20, 2020 11:35 PM IST
ചെന്നൈ: കമൽഹാസൻ ചിത്രമായ ഇന്ത്യൻ 2 വിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിതുന്പി തമിഴ്സിനിമാ ലോകം. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ സഹസംവിധായകൻ ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്.
കൂറ്റൻ ക്രെയിൻ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒന്‍പതുപേർക്കു പരിക്കേറ്റു. ചിത്രത്തിന്റെ സഹസംവിധായകൻ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരാണ് മരിച്ചതെന്ന് നിർമാതാക്കൾ അറിയിച്ചു. സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്റർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

അപകടത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച കമൽഹാസൻ ഒരു കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. ചലച്ചിത്രസമൂഹം ഒന്നടങ്കം ഇവരുടെ സഹായത്തിന് എത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അപകടത്തിന് ഏതാനും നിമിഷം മുന്‍പ് സ്ഥലത്തുനിന്നു മാറിയതിനാലാണ് താനും സംവിധായകൻ ഷങ്കറും രക്ഷപ്പെട്ടതെന്നും കമൽ പറഞ്ഞു. ചിത്രത്തിലെ നായിക കാജൽ അഗർവാൾ, നടൻ ധനുഷ് , ഗാനരചയിതാവ് വൈരമുത്തു തുടങ്ങി നിരവധി പ്രമുഖരും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. തൊട്ടുമുന്‍പുള്ള നിമിഷം വരെ ഒപ്പമുണ്ടായിരുന്ന കൃഷ്ണയുടെയും ചന്ദ്രന്റെയും മധുവിന്റെയും വിയോഗത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ലെന്നായിരുന്നു കാജൽ അഗർവാളിന്റെ പ്രതികരണം.