പാതിവഴിയിൽ മറഞ്ഞ് അവർ
Friday, February 21, 2020 12:21 AM IST
കോയമ്പത്തൂർ: ഉറ്റവർക്കരികിലേക്കു കിലോമീറ്ററുകൾക്കപ്പുറത്തുനിന്നു തുടങ്ങിയ യാത്രയിൽ പാതിവഴിയിൽ അവർ മറഞ്ഞു. അവിനാശിയിലെ അപകടം കേരളത്തിനു നല്കിയതു നഷ്ടങ്ങളുടെ തീരാക്കണ്ണീർ. മറുനാട്ടിലെ അപകടത്തിൽ അനവധി മലയാളി ജീവനുകൾ പൊലിഞ്ഞപ്പോൾ അത് സമീപകാലത്തു കേരളത്തെ ഞെട്ടിച്ച മഹാദുരന്തമായി.
പുലർച്ചെ മൂന്നുമണിയോടെ അപകടം സംഭവിക്കുമ്പോൾ യാത്രക്കാർ മിക്കവരും ഗാഢനിദ്രയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണർന്ന മിക്കവർക്കും എന്താണുണ്ടായതെന്നു വ്യക്തമായിരുന്നില്ല. ചുറ്റിലും നിലവിളികളും മൃതപ്രായരായവരുടെ ദീനരോദനങ്ങളും ചേർന്ന് ഉള്ളുലയ്ക്കുന്ന കാഴ്ചകളായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരിൽ ചിലർ പറഞ്ഞു. പലരുടെയും ശരീരഭാഗങ്ങൾ ഛിന്നഭിന്നമായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ അപകടസ്ഥലത്തു ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഒമ്പതുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. പുലർച്ചെയായതിനാലും നഗരത്തിൽനിന്നു വളരെ അകലെയുള്ള പ്രദേശമായതും രക്ഷാപ്രവർത്തനത്തിന് ആളുകളെത്താൻ വൈകിയതും തിരിച്ചടിയായി. പ്രദേശവാസികളും പോലീസും ഫയർഫോഴ്സുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവമറിഞ്ഞതോടെ തിരുപ്പൂരിലെ മലയാളിസമാജം പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തെ സഹായിച്ചു.