ലോറി ഡ്രൈവർ ഹേമരാജ് പോലീസിൽ കീഴടങ്ങി
Friday, February 21, 2020 12:21 AM IST
കോയമ്പത്തൂർ: അവിനാശിയിൽ അപകടത്തിനിടയാക്കിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പോലീസിൽ കീഴടങ്ങി. പിന്നീട് തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു വിശദമായി ചോദ്യംചെയ്തു. പാലക്കാട് ഒറ്റപ്പാലം ചെറുമുണ്ടശേരി കൊല്ലത്തുംകുണ്ടിൽ അയ്യപ്പൻകുട്ടിയുടെ മകൻ ഹേമരാജ് (38) ആണ് കീഴടങ്ങിയത്.
ലോറി ഓടിക്കുന്നതിനിടെ ഹേമരാജ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു പോലീസ് സൂചിപ്പിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ലോറിയുടെ ടയർ മീഡിയനിലൂടെ അമ്പതുമീറ്ററോളം ഓടിയതായും ഇതിനെതുടർന്നാണ് ടയർ പൊട്ടി അപകടമുണ്ടായതെന്നും പോലീസ് പറഞ്ഞു. മീഡയനപ്പുറത്തേക്കു ചെരിഞ്ഞുപോയ ലോറിയുടെ കണ്ടെയ്നറിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു.
കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് കെഎൽ - 07 സിഎസ് 6325 നമ്പറിലുള്ള ലോറി. ഈ ലോറിക്ക് ആറുമാസത്തെ പഴക്കമേയുള്ളു.
അതിനാൽ വെറുതെ ടയർ പൊട്ടിയുള്ള അപകടം ഉണ്ടാവാൻ യാതൊരു സാധ്യതയും ഇല്ലെന്ന് ആർടിഒ അധികൃതർ പറഞ്ഞു. വല്ലാർപാടം ടെർമിനലിൽനിന്നു ടൈൽ നിറച്ച കണ്ടെയ്നറുമായി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.