പ്രതിസന്ധികളിൽ സമുദായം ഒന്നിച്ചു നിൽക്കണം: മാർ ജോർജ് രാജേന്ദ്രൻ
Wednesday, February 26, 2020 12:31 AM IST
തക്കല: സമുദായാംഗങ്ങൾ ലോകത്തെവിടെയാണെങ്കിലും പ്രതിസന്ധികളിൽ ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ. കത്തോലിക്ക കോൺഗ്രസ് തക്കല രൂപത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തക്കല പ്രദേശത്ത് 52 ശതമാനമുള്ള ക്രൈസ്തവരുടെ സമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഈ സംഘടനയ്ക്കു സാധിക്കും. ലോകമെമ്പാടുമുള്ള സമുദായ നേതൃത്വങ്ങളോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ സുസ്ഥിരമായ തലമുറയെ വാർത്തെടുക്കാനാകും. സമുദായാംഗങ്ങൾ എവിടെയാണെങ്കിലും ക്രിസ്തുവിന് സാക്ഷ്യംനൽകുന്ന മാതൃകാപരമായ ജീവിതശൈലി കാത്തുസൂക്ഷിക്കുകയെന്നതാണ് നമ്മുടെ പ്രത്യേകതയെന്നും ബിഷപ് പറഞ്ഞു.
ആദിമസഭയുടെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പാരമ്പര്യം പുനരാവിഷ്കരിക്കാൻ കത്തോലിക്ക ഗ്ലോബൽ കമ്മിറ്റി നിരന്തരം ശ്രമിച്ചുവരികയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. സ്പിരിച്വൽ ഡയറക്ടർ ഫാ. വിനു ഡി. ജോസഫ്, തക്കല രൂപത പ്രസിഡന്റ് ജോൺ കുമാരി തോഴൻ, സെക്രട്ടറി സുന്ദരരാജ്, ട്രഷറർ രാജു, ഭാരവാഹികളായ എബി തോമസ്, സ്നേഹലത, ജോൺ ഹെർബർട്ട് സിംഗ്, ക്രിസ്തുദാസ്, വിജയ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.